ഇപി ജയരാജന് കിട്ടാത്ത നീതി എന്തിനാണ് ചാണ്ടിയ്ക്ക് നല്‍കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ രാജിയില്‍ കുറഞ്ഞതൊന്നും രാഷ്ട്രീയ കേരളത്തിന് ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃത കൈയേറ്റങ്ങള്‍ നടത്തുകയും ചെയ്ത മന്ത്രിയെ ഇത്രയും നാള്‍ സിപിഐഎം സംരക്ഷിക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയും സംരക്ഷിക്കണമോയെന്ന് അവര്‍ ആലോചിക്കണം.

ജീവിതകാലം മുഴുവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വേണ്ടി പണി എടുക്കുകയും ഇപ്പോഴും വെടിയുണ്ട ശരീരത്തില്‍ കൊണ്ടുനടക്കുകയും ചെയ്യുന്ന ഇപി ജയരാജന് കിട്ടാത്ത നീതി എന്തിനാണ് സിപിഐഎം ചാണ്ടിയ്ക്ക് നല്‍കുന്നതെന്നും ചെന്നിത്തല ചോദിച്ചു. പൊതുസമൂഹത്തില്‍ ഒരിക്കലും അംഗീകരിക്കാത്ത നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ജനമധ്യത്തില്‍ പാര്‍ട്ടി അപഹാസ്യരാവുകയാണെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രവര്‍ത്തകരെ പെലീസ് നീക്കം ചെയ്തു. കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം ശക്തമായതിനെ തുടര്‍ന്ന് തോമസ് ചാണ്ടിയ്‌ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇതിന് മുന്‍പും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *