കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് മടങ്ങിയെത്തി, ഭാര്യയെ കണ്ടെത്താനായില്ല

കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദമ്ബതികളില്‍ ഭര്‍ത്താവ് എത്തി. എന്നിട്ടും ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തില്‍പറമ്ബ് ബിന്‍സി എന്ന നിഷ(37) ഭര്‍ത്താവ് മോനിച്ചന്‍(42) എന്നിവരെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. അന്നു രാത്രി ബിന്‍സിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിന്‍സിയുടെ മാതാവ് കുഞ്ഞുമോള്‍ പോലീസിന് നല്‍കിയ പരാതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോനിച്ചന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. താന്‍ തനിച്ചാണ് പോയതെന്നും ഭാര്യയെ കാണാനില്ലെന്നുമാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് ബിന്‍സിക്കു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി.

ബിന്‍സിയും ഭര്‍ത്താവ് മോനിച്ചനും ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. ബിന്‍സി തമിഴ്‌നാട് സ്വദേശിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് കുമരകത്തെ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ 17ന് മോനിച്ചന്‍ ബിന്‍സിയുടെ വീട്ടിലെത്തി. ഭാര്യയും ഭര്‍ത്താവുമായി വീണ്ടും വഴക്കുണ്ടായി.

തുടര്‍ന്നാണ് ഇരുവരും പുറത്തേക്ക് ഓടിപ്പോയത്. ബിന്‍സി എവിടെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ചിങ്ങവനം പോലീസ് പറയുന്നത്.

ബിന്‍സിയെയും ഭര്‍ത്താവിനെയും ഒരുമിച്ചാണ് കാണാതായതെന്നായിരുന്നു ആദ്യ വിവരം. ഇത് വലിയ വിവാദവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *