മുത്തലാഖ് ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: മുസ്‌ലിം പുരുഷന്മാര്‍ മൂന്ന് വട്ടം തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി കൊണ്ട് വന്ന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. ആഗസ്റ്റില്‍, സുപ്രീം കോടതി മുത്തലാഖ് നിരോധിച്ചിരുന്നു. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ന് തുടങ്ങിയ പാര്‍ലെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പാക് പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. തുടര്‍ന്ന് രാജ്യസഭയിലെ സഭാനടപടികള്‍ മൂന്ന് മണിവരെ നിറുത്തിവച്ചു. സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചതോടെ സഭ 20 മിനിറ്റു നേരത്തേക്കു പിരിഞ്ഞിരുന്നു. വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടര്‍ന്നു. പിന്നീട് 2.30ന് വീണ്ടും ചേര്‍ന്നപ്പോഴാണ് സഭ ബഹളത്തില്‍ മുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *