ഓഖി ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം 71 ആയി

കോഴിക്കോട്: കേരളതീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് വടകരയ്ക്ക് സമീപം കടലിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര ചോമ്ബാല ഉള്‍ക്കടലില്‍ നിന്ന് മത്സ്യബന്ധന തൊഴിലാളികളാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 71 ആയി.

അഴുകിയ നിലയിലുള്ള മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ഡിഎന്‍എ ടെസ്റ്റിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും.

കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ വടക്കന്‍ മേഖല കേന്ദ്രീകരിച്ച് വ്യാപിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊച്ചി മുതല്‍ ഗോവന്‍ തീരംവരെ തെരച്ചില്‍ വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരമേഖലയില്‍ നിന്നാണ് ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ലഭിക്കുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് മൃതദേഹങ്ങള്‍ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മലബാര്‍ മേഖയിലെ കടലിലേക്ക് ഇപ്പോള്‍ പ്രധാനമായും തെരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *