കൊച്ചി: മദ്യം വിതരണം ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപിച്ച് മദ്യശാലക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരെ കഴിഞ്ഞദിവസമാണ് ഒരു സംഘം യുവാക്കള്‍ അക്രമം നടത്തിയത്. സംഭവത്തില്‍ കളമശ്ശേരി സ്വദേശികളായ സജി, ബാബു, ശ്രീജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബിവറേജസ് കോര്‍പ്പറേഷന്റെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലുള്ള മദ്യവില്പപനശാലയില് വ്യാഴാഴ്ച വൈകിട്ട് നാലരമണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് ഇരുമ്ബ് കമ്ബിക്കടിച്ച് പന്ത്രണ്ട് മദ്യക്കുപ്പികള്‍ നശിപ്പിച്ചത്. അക്രമം ഭയന്ന് ജീവനക്കാര്‍ ഓടി. മദ്യം വാങ്ങാനെത്തിയ ഒരാള്‍ക്ക് കമ്ബിവടികൊണ്ടുള്ള അടിയേറ്റു. അക്രമത്തെ തുടര്‍ന്ന് മദ്യ വില്‍പ്പനശാല അടച്ചിട്ടു.
സംഘത്തിലെ ഒരു യുവാവ് വ്യാഴാഴ്ച രാവിലെ മദ്യശാലയില്‍ മദ്യം വാങ്ങാനെത്തിയിരുന്നു. എന്നാല്‍ മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച് ഇയാള്‍ ബഹളം വയ്ക്കുകയും പിന്നീട് മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ വൈകിട്ട് കൂടുതല്‍ പേരുമായെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ജീവനക്കാരെ ഇരുമ്ബുവടികൊണ്ട് അടിക്കുകയും മദ്യക്കുപ്പികള്‍ അടിച്ച് പൊട്ടിക്കുകയും ചെയ്തു. ആറ് മാസം മുമ്ബ് ഇതേ ഔട്ട്ലെറ്റില് സമാന രീതിയില്‍ അക്രമം നടന്നിരുന്നു. ഇതേതുടര്‍ന്ന് തിരക്കേറിയ സമയത്ത് ഇവിടെ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് ഇതുവരെ അനുവദിച്ചില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
