ചെന്നൈ: രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ച ആര്.കെ നഗര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കാരു നാഗരാജന് നോട്ടയ്ക്കും പിന്നില്‍ ആറാമത്. വോട്ടെണ്ണല്‍ ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ നോട്ടയ്ക്ക് ആയിരത്തിലധികം വോട്ടുകള്‍ കിട്ടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 485 വോട്ടുകള്‍ മാത്രം.
ആര്.കെ നഗറിലെ ഒരു ബൂത്തില്‍ നോട്ടയ്ക്ക് 102 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയ്ക്ക് 66 വോട്ടുകള്‍ മാത്രമേ കിട്ടിയുള്ളൂ. നിലവില്‍ നോട്ട അഞ്ചാം സ്ഥാനത്താണ്. 1509 വോട്ടുകള്‍ കിട്ടിയ ‘നാം തമിഴര്‍’ എന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് നാലാം സ്ഥാനത്ത്.
അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന് വിജയത്തിലേക്ക് കുതിക്കുകയാണ്. ഇപ്പോള്‍ ദിനകരന് 20,000 വോട്ടിന്റെ ലീഡാണുള്ളത്. 39,548 വോട്ടുകളാണ് ദിനകരന് ഇപ്പോഴുള്ളത്. എതിര് സ്ഥാനാര്‍ത്ഥി അണ്ണാ ഡി.എം.കെയിലെ ഇ.മധുസൂദനന് 19,545 വോട്ടാണുള്ളത്. ഡി.എം.കെയിലെ മരുതു ഗണേഷ് മൂന്നാം സ്ഥാനത്താണ്.
