ജഡ്ജിമാര്‍ ചീഫ് ജസ്റ്റീസിന് അയച്ച കത്ത് പുറത്ത്

ദില്ലി: സുപ്രിംകോടതിയില്‍ ഇന്ന് പ്രതിഷേധമുയര്‍ത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് നല്‍കിയ കത്ത് പുറത്ത്. ഏഴ് പേജുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയത്.

കേസിലെ ബെഞ്ചുകള്‍ തീരുമാനിക്കുമ്‌ബോള്‍ പാലിക്കേണ്ട സുഷ്മതയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടുള്ള കത്താണ് ചീഫ് ജസ്റ്റിസിന് ജഡ്ജിമാര്‍ നല്‍കിയത്. കത്തില്‍ പ്രത്യേകമായ ഒരു കേസിനെ കുറിച്ച് ചൂണ്ടിക്കാട്ടുന്നില്ലെങ്കിലും കേസുകള്‍ ലിസ്റ്റ് ചെയ്യുമ്‌ബോള്‍ പാലിക്കേണ്ട സുതാര്യതയെകുറിച്ച് സൂചിപ്പിക്കുന്നു.

ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ കേസ് പരിഗണിച്ച ജസ്റ്റീസ് ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം സംബന്ധിച്ച കേസ് ഇന്നാണ് സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഇത് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ ബഞ്ചിലാണ് ലിസ്റ്റ് ചെയ്തത്. ഇതിലുള്ള പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് നാല് ജഡ്ജിമാരും രാവിലെ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.

സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്നത് പ്രത്യേക കോടതി ജസ്റ്റിസായിരുന്ന ബ്രിജ്‌ഗോപാല്‍ ലോയ ആയിരുന്നു. ഈ കേസില്‍ ബിജെപിയുടെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത് ഷാ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് ലോയ ഉത്തരവിട്ടിരുന്നു. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെ ജസ്റ്റിസ് ലോയയെനാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2014 ഡിസംബര്‍ 1നായിരുന്നു ജസ്റ്റിസ് ലോയയെ മരിച്ച നിലയില്‍ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *