2018 ലെ ആദ്യ പ്രീമിയര്‍ ലീഗ് ജയം തേടി ചെല്‍സി ഇന്ന് ബ്രയ്ട്ടന്‍ ഹോവ് ആല്‍ബിയനെ നേരിടും. ബോക്‌സിങ് ഡേയില്‍ ബ്രയ്ട്ടനെതിരെ നേടിയ ജയം തുടരാനാവും ഇന്ന് ചെല്‍സിയുടെ ശ്രമം. ബ്രയ്ട്ടന്റെ മൈതാനത്താണ് മത്സരം അരങ്ങേറുക. നോര്‍വിച്ചിനെതിരെ എഫ് എ കപ്പ് മത്സരത്തിലെ ജയത്തിന് ശേഷമാണ് ചെല്‍സി പ്രീമിയര്‍ ലീഗ് പോരാട്ടത്തിന് ഇറങ്ങുന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6 നാണ് മത്സരം കിക്കോഫ്.
ഗോള്‍ കണ്ടെത്താന്‍ വിഷമിക്കുന്ന മുന്നേറ്റ നിരയാണ് ചെല്‍സി നേരിടുന്ന പ്രധാന വെല്ലുവിളി. അവസാന 4 മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് അവര്‍ക്ക് ഗോള്‍ നേടാനായത്. പ്രതിരോധം ലീഗിലെ തന്നെ മികച്ചതാണെങ്കിലും അതിന്റെ ഫലം പോയിന്റില്‍ കണ്ടെത്താന്‍ അവര്‍ക്കാവുന്നില്ല. നോര്‍വിച്ചിനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട മൊറാത്ത, പെഡ്രോ എന്നിവര്‍ക്ക് ഇന്നത്തെ മത്സരത്തില്‍ കളിക്കാനാവില്ല. കൂടാതെ പരിക്കേറ്റ ഫാബ്രിഗാസും, ഗാരി കാഹിലും ഇന്ന് കളിച്ചേക്കില്ല. പുതുതായി ടീമിലെത്തിയ റോസ് ബാര്‍ക്ലി ഇന്ന് അരങ്ങേറിയേക്കും. എങ്കിലും തുടക്കം മുതല്‍ കളിക്കാനുള്ള സാധ്യത വിരളമാണ്.
ബ്രയ്ട്ടന്‍ നിരയില്‍ കാര്യമായ പരിക്കില്ല. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് ചെല്‍സി ജയിച്ചിരുന്നു.
