കൊച്ചി ‘പഞ്ചാബി ഹൗസിലെ’ കൊലപാതകം; പഞ്ചാബികളായ മൂന്നുപേര്‍ പിടിയില്‍… കൈകാലുകള്‍ കെട്ടിയിട്ട് തല്ലി

കൊച്ചി: എറണാകുളം പണിക്കരുപടിയിലെ പഞ്ചാബ് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പഞ്ചാബ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് തരണ്‍താരന്‍ ജില്ലയിലെ ഗുര്‍വാദ് സിങ്(32), ഗുര്‍വീന്ദര്‍ സിങ്(20), അവതാര്‍ സിങ്(33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തരണ്‍താരന്‍ സ്വദേശി ഗുര്‍ദീപ് സിങിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഒപ്പം താമസിച്ചിരുന്ന മൂന്നുപേരെയും പിടികൂടിയത്. താമസസ്ഥലത്തുണ്ടായ കശപിശയെ തുടര്‍ന്ന് മൂവരും ചേര്‍ന്നാണ് ഗുര്‍ദീപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 ബുധനാഴ്ചയാണ് ഗുര്‍ദീപ് സിങിനെ മരിച്ചനിലയില്‍ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു എന്നാണ് മൂന്നുപേരും അന്ന് ഡോക്ടര്‍മാരോട് പറഞ്ഞത്.

എന്നാല്‍ ഗുര്‍ദീപിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ട ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഗുര്‍ദീപിന്റെ ദുരൂഹ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

കൊച്ചി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഗുര്‍ദീപ് മര്‍ദ്ദനമേറ്റ് മരിച്ചതാണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പ് മരണം സംഭവിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഗുര്‍ദീപിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കൂടെ താമസിച്ചിരുന്ന മൂന്നുപേരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗുര്‍ദീപിനെ മര്‍ദ്ദിച്ചതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു.

കൊച്ചി മെട്രോയുടെയും റിഫൈനറിയിലെയും കരാര്‍ ജോലികള്‍ ചെയ്യുന്ന പഞ്ചാബ് സ്വദേശികള്‍ പണിക്കരുപടിയിലാണ് താമസം. ഇവരുടെ നാട്ടുകാരനായ ഗുര്‍ദീപ് സിങ് ഫെബ്രുവരി 27നാണ് പണി തേടി കൊച്ചിയിലെത്തിയത്. പണിക്കരുപടിയിലുള്ള ഇവരുടെ വീട്ടില്‍ ഗുര്‍ദീപ് ഒരു ദിവസം താമസിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *