ലക്നൗ: മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവതിക്ക് ഗ്രാമത്തലവന് മരത്തില്‍ കെട്ടിയിട്ടുള്ള മര്‍ദ്ദനം ശിക്ഷ വിധിച്ച സംഭവത്തില്‍ ഗ്രാമത്തലവനെതിരേ ബലാത്സംഗക്കുറ്റവും. ശിക്ഷയായി നാട്ടുകാര്‍ നോക്കി നില്‍ക്കേ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച അവശയാക്കിയ യുവതിയെ ഗ്രാമതലവനും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായിട്ടാണ് ആരോപണം.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവായിരുന്നു യുവതിയെ കെട്ടിയിട്ട് തല്ലിയത്. നന്നായി മര്‍ദ്ദിച്ച ശേഷം ഗ്രാമത്തലവന് ഷെര്സിംഗും അയാളുടെ ചില അനുയായികളും യുവതിയെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയ ശേഷം കൂട്ട ബലാത്സംഗം ചെയ്തെന്നും വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവാഹിതകളായ സ്ത്രീകള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയാല്‍ എന്തു സംഭവിക്കുമെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ യുവതിയെ താന്‍ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോ അനുയായികളില്‍ ഒരാളെക്കൊണ്ടു പകര്‍ത്തിക്കുകയും ചെയ്യിപ്പിച്ചതായി യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മരത്തില്‍ കൈകള്‍ രണ്ടും കെട്ടി തൂക്കിയിട്ടാണ് മര്‍ദ്ദനം. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും മകനും ഗ്രാമത്തലവനും ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ കേസെടുത്തു.
ലക്നൗവ്വില്‍ നിന്നും 400 കിലോമീറ്റര്‍ മാറി ലവുംഗാ ഗ്രാമത്തില്‍ മാര്‍ച്ച് 10 നായിരുന്നു സംഭവം. ഗ്രാമത്തിലെ മറ്റൊരു അയല്ക്കാരന് ധര്‍മ്മേന്ദ്ര എന്ന യുവാവുമായി യുവതി പ്രണയത്തിലാകുകയും ഇരുവരും മാര്‍ച്ച് 5 ന് ഒളിച്ചോടുകയും മറ്റൊരു ഗ്രാമത്തില്‍ അയാളുടെ ബന്ധുവായ മറ്റൊരാളുടെ വീട്ടില്‍ താമസിച്ചുവരികയുമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു കൂട്ടം ആള്ക്കാര് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ എത്തുകയും യുവതിയെയും കാമുകനെയും ലവുംഗാ ഗ്രാമത്തിലേക്ക് തന്നെ മടങ്ങിവരാമെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഗ്രാമത്തിലെത്തിയ ഇവരെ നാട്ടുക്കൂട്ടം വിചാരണ ചെയ്യുകയും ശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. ശിക്ഷ നടപ്പാക്കുമ്ബോള്‍ ചില ഗ്രാമീണര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ അപമാനിക്കുകയും പാട്ടിന് പോകാന്‍ പറയുകയുമായിരുന്നു.
അനേകം നാട്ടുകാര്‍ നോക്കി നില്‍ക്കുമ്ബോഴായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യത്തില്‍ ഭര്‍ത്താവ് ഒരു ഒഴിഞ്ഞ സൈക്കിള്‍ ട്യൂബ് വെച്ച് ഭാര്യയെ തല്ലിച്ചതയ്ക്കുമ്ബോള് ജനക്കൂട്ടം കാഴ്ചക്കാരായി ചുറ്റും നില്ക്കുന്നതും കാണാം. വീഡിയോയുടെ ആദ്യ ഭാഗത്ത് ഉയര്‍ന്നു കേട്ട സ്ത്രീയുടെ നിലവിളി പിന്നീട് നേര്‍ത്ത കരച്ചിലായി മാറുകയും ഒടുവില്‍ ബോധം കെടുകയും ചെയ്യുന്നുണ്ട്.
നൂറോളം പേര്‍ക്ക് നടുവിലാണ് ഭര്‍ത്താവ് ശിക്ഷ നടപ്പാക്കുന്നത്. ഭാര്യയ്ക്ക് അന്യ പുരുഷ ബന്ധമുണ്ടെന്ന ഭര്‍ത്താവിന്റെ പരാതിയിലായിരുന്നു ഗ്രാമമുഖ്യന്റെ ഈ വിചിത്ര തീരുമാനം. ശിക്ഷയുടെ ഭാഗമായി ഗ്രാമത്തലവന് സ്ത്രീയെ ബലാത്സംഗം ചെയ്തതായും ആരോപണമുണ്ട്. സംഭവം അറിഞ്ഞ പോലീസ് സ്ത്രീയെ അവരുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് പരാതി എഴുതിവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഗ്രാമത്തലവന് ഷെര്‍സിംഗ്, മകന് ഷര്വാണ്, സ്ത്രീയുടെ ഭര്‍ത്താവ് ഷൗദന് സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
