കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരന്‍ ഡിജിപിക്ക് പരാതി നല്‍കി.
കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവന്‍ കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിയാന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയെന്നാണ് സുധാകരന്റെ പരാതി. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലില്‍ കയറിയിറങ്ങിയെന്നും ആരോപണമുണ്ട്. ശുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും ഇവര്‍ക്ക് ജയിലില്‍ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്റെ പരാതിയില്‍ പറയുന്നു.
കേസിലെ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികള്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലിലാണ് കഴിയുന്നത്. ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും അധികാരത്തിന്റ എല്ലാ തണലിലുമാണ് പ്രതികള്‍ ജയിലില്‍ കഴിയുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
