കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മരിച്ച വാസുദേവന്‍റെ മകന്‍ വിനീഷ്. പൊലീസ് പറയുന്ന രണ്ടാമത്തെ മൊഴി വ്യാജമെന്നും ശ്രീജിത്തിന്‍റെയോ സജിത്തിന്‍റെയോ പേര് പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടാമത്തെ മൊഴിയെടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോയെന്ന് പൊലീസ് ചോദിച്ചു. അറിയാമെന്ന് മാത്രമാണ് പറഞ്ഞത്. ശ്രീജിത്ത് അക്രമി സംഘത്തില്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല. ആദ്യത്തെ മൊഴിയിലും ശ്രീജിത്തിന്‍റെ പേര് പറഞ്ഞിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കി.
ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ശേഷമാണ് മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയത്. എട്ടാം തീയതി രാവിലെ വീട്ടിലെത്തിയാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. എട്ടിന് രേഖപ്പെടുത്തിയ മൊഴി പൊലീസ് രേഖകളില്‍ ഏഴാം തീയതിയായെന്നും വിനീഷ് പറഞ്ഞു.
