തിരുവനന്തപുരം: വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന വ്യാപക അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി സംസ്ഥാനത്ത് എത്തി. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐ.ബി മേധാവി രാജീവ് ജെയ്ന്‍ കേരളത്തില്‍ എത്തിയത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുമായും ഗവര്‍ണര്‍ പി. സദാശിവവുമായും ഐ.ബി മേധാവി കൂടിക്കാഴ്ച നടത്തും.
ഇന്റലിജന്‍സ് ബ്യൂറോയുടെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മേധാവി സംസ്ഥാനത്ത് എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ വാട്‌സ്‌ആപ്പ് ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുടെ പങ്ക് പുറത്ത് വന്ന സാഹചര്യത്തില്‍ ഐ.ബി ഇക്കാര്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് വാട്‌സ്‌ആപ്പ് വഴിയും മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ വഴിയും ഹര്‍ത്താല്‍ ആഹ്വാനം പ്രചരിച്ച് തുടങ്ങിയത്. കത്വവയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. തിങ്കളാഴ്ച രാവിലെ തന്നെ അക്രമികള്‍ തെരുവ് കയ്യേറുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. വടക്കന്‍ കേരളത്തിലാണ് വ്യാപക അക്രമം നടന്നത്. മലപ്പുറം ജില്ലയില്‍ പലയിടത്തും നിരോധനനാജ്ഞ പ്രഖ്യാപിക്കുന്ന സാഹചര്യവുമുണ്ടായി.
ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വയനാട്ടില്‍ 762 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 41 പേരെ അറസ്റ്റ് ചെയ്തു. മലപ്പുറത്ത് 250 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 80 പേര്‍ റിമാന്‍ഡിലാണ്. അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്. ഹര്‍ത്താല്‍ ആഹ്വാനം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഹൈടെക് സെല്ലും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
