തിരുവനന്തപുരം: കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് പോയ വസ്തുക്കളെല്ലാം ഒരു നാള് കടലമ്മ തിരികെത്തരുമെന്നൊരു വിശ്വാസമുണ്ട്. വേനല്‍ അവധികഴിഞ്ഞ് സഞ്ചാരികളുടെ തിരക്കൊഴിഞ്ഞതോടെ കോവളം തീരത്തേക്ക് അടിച്ചു കയറുന്ന ഓരോ തിരയും ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ്. കടലമ്മ തീരത്തേക്ക് എറിഞ്ഞ് തരുന്ന ഭാഗ്യം തേടി കോവളം തീരത്തേക്ക് ഇപ്പോള്‍ തെരച്ചിലുകാരുടെ കുത്തൊഴുക്കാണ്. തീരത്തെത്തിയ സഞ്ചാരികളില്‍ നിന്നായി പല സമയങ്ങളിലായി നഷ്ടപ്പെട്ട് പോയ ആഭരണങ്ങളും നാണയങ്ങളുമാണ് ഇപ്പോള്‍ തീരത്ത് പ്രത്യക്ഷപ്പെടുന്നത്.
സീസണ് കാലത്ത് തീരത്തുണ്ടാകുന്ന വെള്ളമണലിലാണ് സഞ്ചാരികളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടാവുക. വെള്ളമണലില്‍ സാധനങ്ങള്‍ പുതഞ്ഞ് പോകുമെന്നതിനാല്‍ കണ്ടെത്തുക അസാധ്യം. എന്നാല്‍ സീസണ് അവസാനിച്ച് മണ്‍സൂണ്‍ തിരകള്‍ തീരത്തെ വെള്ളമണലിനെ വലിച്ച് നീക്കുമ്ബോള്‍ തെളിഞ്ഞുവരുന്ന കറുത്ത മണലില്‍ കാലങ്ങളായി ഒളിച്ചിരിക്കുന്ന നിധിയും പ്രത്യക്ഷപ്പെടും. ഇതറിയാവുന്ന വിദഗ്ദ്ധരായ തെരച്ചിലുകാര്‍ നൊടിയിടയില്‍ ഭാഗ്യം കൈക്കലാക്കും. വര്‍ഷങ്ങളായി ഇക്കാര്യം അറിയാവുന്ന സംഘങ്ങള്‍ രാവിലെ മുതല്‍ തന്നെ തീരത്തെത്തും. ഇത്തരത്തില്‍ അഞ്ച് പവന് വരെ ലഭിച്ചവരുണ്ടെന്നാണ് നാട്ടുകാര്‍ക്കിടയിലെ സംസാരം. എന്തായാലും ട്രോളിംഗ് നിരോധനം മൂലം വറുതിയിലായ തീരത്തിന് പുത്തനുണര്വായിരിക്കുകയാണ് ഈ നിധിവേട്ട.
