റിയാദ്: ഡ്രൈവിംഗ് വിലക്ക് നീങ്ങിയതോടെ സൗദി റോഡുകള്‍ വനിതകള്‍ കയ്യടക്കി. റിയാദിലെ തിരക്കേറിയ റോഡുകളില്‍ പുലര്‍ച്ചെയും വനിത ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പായിക്കുന്ന കാഴ്ച രസകരമായിരുന്നു. അര്‍ദ്ധരാത്രിയിലും വനിതകള്‍ വിലക്കില്ലാതെ ഡ്രൈവ് ചെയ്യുന്നതിന്റെ രസം ആസ്വദിക്കുന്ന തിരക്കിലായിരുന്നു.
വാഹനമോടിച്ചെത്തിയ നിരവധി വനിതകളെ പോലിസുകാര്‍ ബൊക്കേകള്‍ നല്‍കി സ്വീകരിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വനിതകള്‍ക്ക് മേലുള്ള ഡ്രൈവിംഗ് വിലക്ക് നീങ്ങിയത്. അര്‍ദ്ധരാത്രി തന്നെ വനിതകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങി.
സൗദിയില്‍ അരലക്ഷത്തോളം സ്ത്രീകള്‍ ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കി സല്‍മാന്‍ രാജാവിന്റെ ഉത്തരവുണ്ടായത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലായിരുന്നു. സ്ത്രീകളുടെ ആവശ്യത്തിന് നേര്‍ക്ക് പല ഭരണാധികാരികളും മുഖം തിരിച്ചുവെങ്കിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വനിത ഡ്രൈവിംഗിനെതിരായ നിരോധനം എടുത്തുകളയുകയായിരുന്നു.
