ശബരിമല വിവാദ പരാമര്‍ശം: സ്‌മൃതി ഇറാനിക്കെതിരെ കോടതിയില്‍ പരാതി

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കേസെടുത്തു. ബീഹാറിലെ സീതാമാര്‍ഹി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പരാതി സമര്‍പ്പിക്കപ്പെട്ടത്. സരോജ് കുമാരി എന്ന വനിതയാണ് പരാതിക്ക് പിന്നില്‍. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, കര്‍ത്തവ്യത്തില്‍ വീഴ്ച വരുത്തുക, സ്ത്രീകളുടെ മാന്യതയെ ഹനിക്കുക തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി ഈ മാസം 29ന് കോടതി പരിഗണിക്കും. മുംബയില്‍ നടന്ന സ്വകാര്യ ചടങ്ങിനിടെ സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അവര്‍ക്ക് ആരാധനാലയങ്ങള്‍ അശുദ്ധമാക്കാന്‍ അവകാശമില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആര്‍ത്തവ രക്തം പുരണ്ട സാനിട്ടറി നാപ്കിനുമായി ആരെങ്കിലും സുഹൃത്തിന്റെ വീട്ടില്‍ പോകുമോ എന്നും മന്ത്രി ചോദിച്ചിരുന്നു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ സുപ്രീം കോടതിയുടെ ഉത്തരവിനെ താന്‍ മാനിക്കുന്നു. അതിനെ മറികടക്കാന്‍ തനിക്കാകില്ല. ശബരിമലയില്‍ നാപ്കിനുമായി സ്ത്രീയെത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയ വിവിധ സ്ത്രീ സംഘടനകള്‍ സ്മൃതിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചിരുന്നു. നിരവധി ട്രോളുകളും മന്ത്രിക്കെതിരെ പ്രചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *