മതേതരമൂല്യം തകര്‍ക്കും, സര്‍ക്കാരിന്റെ വനിതാമതില്‍ വര്‍ഗീയ മതിലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സര്‍ക്കാരിന്റെ വനിതാമതില്‍ വര്‍ഗീയ മതിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ കേരളത്തിന്റെ മതേതരമൂല്യം തകര്‍ക്കും. ഹിന്ദു സംഘടനകളെ മാത്രമാണ് സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റേത് അധികാര ദുര്‍വിനിയോഗമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

നികുതിപ്പണം സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണ്. സിപിഐഎം പ്രചരണത്തിനുള്ള മതില്‍ പാര്‍ട്ടി പണം ഉപയോഗിച്ച്‌ നിര്‍മിക്കണം. സാലറി ചലഞ്ച് പോലെ പണം പിരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം വനിതാ മതിലിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരനും രംഗത്ത് വന്നിരുന്നു. വനിതാ മതിലുപണിയാന്‍ സര്‍ക്കാര്‍ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നതെന്നും, മുരളീധരന്‍ ചോദിച്ചു.

വനിതാ മതില്‍ പണിയാനായി വിളിച്ച യോഗത്തില്‍ ഒരുനേതാവ് പറഞ്ഞത്, ഇതില്‍ പങ്കുചേരാത്തവര്‍ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടില്‍പോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാല്‍ മകന്‍ കേന്ദ്രത്തിനൊപ്പവും അച്ഛന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പവുമാണ് നില്‍ക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *