രഹ്ന ഫാത്തിമയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കാംപെയിന്‍

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ മോചിപ്പിക്കണമെന്ന മുദ്രാവാക്യവുമായി സോഷ്യല്‍ മീഡിയ കാംപെയിന്‍. രഹന ഫാത്തിമയെ നിരുപാധികം വിട്ടയക്കുക എന്ന മുദാവാക്യം ഉന്നയിച്ച്‌ ഡിസംബര്‍ 14 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിക്കും. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ് രഹന ഫാത്തിമ.

മതവികാരം വൃണപ്പെടുത്തി എന്ന് കാണിച്ച്‌ ബിജെപി നേതാവ് രാധാകൃഷ്ണമേനോന്‍ പത്തനംതിട്ട പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹനക്കെതിരെ കേസെടുത്തത്. കേസെടുത്തതിനെ തുടര്‍ന്ന് രഹന കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസില്‍ ഗൂഢാലോചനയെ സംബന്ധിച്ചും മറ്റും അന്വേഷിക്കണമെന്ന് നിര്‍ദേശിച്ച്‌ കോടതി ജാമ്യം നിഷേധിച്ചു.

ദിവസങ്ങള്‍ക്കകം രഹനയെ അവര്‍ ജോലി ചെയ്യുന്ന ബി.എസ്.എന്‍.എല്‍ ഓഫീസില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം, രഹനയുടെ ജാമ്യാപേക്ഷ ഹൈകോടതി 14 ന് പരിഗണിക്കും. ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയാണ് ഹൈകോടതിയെ സമീപിച്ചത്. നേരത്തെ പത്തനംതിട്ട കോടതി രഹ്നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കുറ്റമൊന്നും ചെയ്തില്ലെന്നും തന്നെ ബലിയാടാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *