പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: ഇമാമിനെതിരേ പോക്സോ കേസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. സ്കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇമാമിനൊപ്പം പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തതോടെ ഇമാം പെണ്‍കുട്ടി തന്‍റെ ഭാര്യയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. സംഭവം പുറത്തായതോടെ തൊളിക്കോട് പള്ളി കമ്മിറ്റി അന്വേഷണം നടത്തി ഇമാമിനെ സ്ഥാനത്തു നിന്നും നീക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന കാരണത്താല്‍ പോലീസ് കേസെടുക്കാന്‍ വൈകിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ അറസ്റ്റ് ഭയന്ന് ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *