പ്രത്യേക പദവി നല്‍കും; ആന്ധ്രയ്ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി

തിരുപ്പതി: ആന്ധ്രാപ്രദേശിന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത്. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവാദിത്തമായി അത് നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. തിരുപ്പതിയിലെ പൊതു സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പറഞ്ഞ് അവിടുത്തെ ജനങ്ങളെ മോദി വഞ്ചിച്ചു, മോദിയെ പോലെ കോണ്‍ഗ്രസ് പറഞ്ഞു പറ്റിക്കില്ല. കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ച്‌ 15 ലക്ഷം രൂപ വീതം ഓരോരുത്തരുടെയും അക്കൗണ്ടുകളിലിടുമെന്ന് മോഹന വാഗ്ദാനം നല്‍കി. യുവാക്കള്‍ക്ക് തെഴിലവസരങ്ങള്‍ നല്‍കിയില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു.

എന്നാല്‍ ബിജെപിയെ പോലെയല്ല കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം ആദ്യമായാണ് രാഹുല്‍ തിരുപ്പതിയിലെത്തുന്നത്. നാല് മണിക്കൂര്‍ സമയം കൊണ്ട് എട്ട് കിലോമീറ്റര്‍ നടന്നാണ് രാഹുല്‍ പ്രര്‍ത്ഥനക്കായി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *