ബത്തേരി നഗരസഭാ ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

സുല്‍ത്താന്‍ ബത്തേരി : ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബുവിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 35 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 17 വീതം അംഗങ്ങളും ബിജെപിക്ക്‌ ഒരംഗവുമാണുള്ളത്‌. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്‌. എന്നാല്‍ പിന്നീട്‌ ബിജെപി അംഗവുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്ന്‌ ബിജെപി അംഗം കൗണ്‍സില്‍ യോഗത്തിന്‌ എത്താത്തതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി എല്‍ സാബു കേരളാ കോണ്‍ഗ്രസ്‌ എം പ്രതിനിധിയാണ്‌.

അതേസമയം വൈസ് ചെയര്‍പേ‌ഴ്‌സന്‍ സിപിഐ എമ്മിലെ ജിഷാ ഷാജിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം റദ്ദാക്കി. യുഡിഎഫിലെ 17 കൗണ്‍സിലര്‍മാരും ഒരു ബിജെപി കൗണ്‍സിലറും യോഗത്തിന് എത്താതിരുന്നതിനാല്‍ ക്വാറം തികയാതെയാണ് യോഗം റദ്ദാക്കിയത്‌. 35 അംഗ കൗണ്‍സിലില്‍ ഭരണപക്ഷത്തെ 17 കൗണ്‍സിലര്‍മാര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. ക്വാറം തികയണമെങ്കില്‍ 18 കൗണ്‍സിലര്‍മാര്‍ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *