ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എന്‍ഡിഎ ഭരണം സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെടും എന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. മോദിയുടെ ഭരണത്തില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്നുവെന്നും, 2014 പ്രതീക്ഷയുടെ കാലമാണെങ്കില്‍ 2019 ആഗ്രഹങ്ങളുടെ കാലമാണെന്നും അമിത്ഷാ പറഞ്ഞു. മോദി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ആറു കോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പാര്‍ട്ടി പ്രകടന പത്രിക തയാറാക്കിയതെന്നും അമിത്ഷാ വ്യക്തമാക്കി. ‘സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് ഇന്ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി ഉയര്‍ത്തും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ബിജെപി നല്‍കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഇത്തവണയും പ്രകടന പത്രികയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.’സങ്കല്‍പിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം.
