കേന്ദ്രം അനുവദിച്ചാല്‍ ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കും

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്ബരയില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ സഹായവുമായി കേരളത്തില്‍ നിന്നുള്ള വൈദ്യസംഘം. ശ്രീലങ്കയിലേക്ക് കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടും.

ആരോഗ്രമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയിലുണ്ടായ വന്‍ സ്‌ഫോടനം വല്ലാതെ വേദനയുണ്ടാക്കുന്നതാണ്. നിരവധിപേര്‍ സ്‌ഫോടനത്തില്‍ മരണമടയുകയും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയം വിദഗ്ധ വൈദ്യസഹായം നല്‍കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനായി കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും ശ്രീലങ്കന്‍ സര്‍ക്കാരിന്റേയും അനുമതി ലഭിച്ചാലുടന്‍ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *