കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ കുട്ടികള്‍ക്ക് സൈക്കിള്‍ സമ്മാനം

റിയാദ്: മലപ്പുറം മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മതിലില്‍ പോസ്റ്റര്‍ ഒട്ടിച്ച്‌, കുഞ്ഞാലിക്കുട്ടിയുടെ മനം കവര്‍ന്ന ആ കുട്ടികള്‍ക്ക് പ്രവാസികളുടെ സമ്മാനം. കെഎംസിസി പ്രവര്‍ത്തകരാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയത്. കൂടാതെ ഇവര്‍ക്ക് സൈക്കിള്‍ സമ്മാനിക്കുമെന്ന് മക്കയിലെ കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു.

മതിലില്‍ പോസ്റ്ററൊട്ടിക്കാന്‍ കുടെയുണ്ടായിരുന്ന ഒരു കുട്ടിയുടെ പുറത്ത് കയറിനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ‘ഈ കുഞ്ഞു മനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നി. ഹൃദയം തുറന്നു അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍ കാണാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്ന്’ അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.

മുനവ്വിര്‍, മിന്‍ഹാജ്, ഫാദില്‍, ഫാത്തിമ നിദ എന്നിവരാണ് കുഞ്ഞാലിക്കുട്ടിയുടെ മനം കവര്‍ന്ന ആ കുട്ടികള്‍. ഇന്ന് ഇവരെ നേരില്‍ കണ്ട കുഞ്ഞാലിക്കുട്ടി സമ്മാനങ്ങളും നല്‍കി. ഒപ്പം ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനം മറക്കരുതെന്ന ഉപദേശവും.

Leave a Reply

Your email address will not be published. Required fields are marked *