കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത; നാല് ജില്ലകളില്‍ 29ന് യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി,തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ന്യൂനമര്‍ദം ശക്തിപ്രാപിച്ച്‌ മുപ്പതാം തീയതിയോടെ ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് പതിക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച്‌ തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം ശ്രീലങ്കയില്‍ ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്.

കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം 29 മുതലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. നാളെ മുതല്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് 29ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *