വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : കൊലയ്ക്ക് പിന്നില്‍ റിട്ടയേര്‍ഡ് ബാങ്ക് മാനേജരായ ഭത്താവ്

മാനന്തവാടി: വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലയ്ക്ക് പിന്നിലുള്ള ആളിനെ പൊലീസ് കണ്ടെത്തി. മാനന്തവാടിയിലെ വീട്ടമ്മയുടെ ദുരൂഹ മരണമാണ് കൊലപാതകമായത്. കൊയിലേരിക്കടുത്ത് വള്ളിയൂര്‍ക്കാവ് താന്നിക്കലില്‍ മുയല്‍ക്കുനി രുഗ്മണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം മുതലെ ദുരൂഹതയുള്ളതിനാല്‍ പോലീസ് ഭര്‍ത്താവ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു. ശനിയാഴ്ചയാണ് ഭര്‍ത്താവ് ചന്ദ്രന്റെ (65) അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്നയുടനെ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മാനന്തവാടി സി.ഐ.പി.കെ. മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണന്ന് തെളിഞ്ഞത്. ചന്ദ്രന്‍ ബാങ്ക് മുന്‍ മാനേജറാണ്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു രുഗ്മണി മരിച്ചത്. രാവിലെ മൃതദേഹം കാണാനെത്തിയ നാട്ടുകാരില്‍ ചിലരും രുഗ്മണിയുടെ ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാല്‍ മാനന്തവാടിയില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയിരുന്നു.

മരണം തലക്കടിയേറ്റാണന്ന് സംശയത്തെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്തു. പിന്നീട് പോലീസ് അകമ്ബടിയോടെയായിരുന്നു ചന്ദ്രനെ മൃതദേഹം കാണാന്‍ കൊണ്ടുവന്നത്. മൃതദേഹം സംസ്‌കരിച്ചതിന് ശേഷം ചന്ദ്രനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. മദ്യലഹരിയില്‍ വഴക്കുണ്ടാകുകയും ഇതിനിടെ വിറക് കൊണ്ട് തലയുടെ പിന്നില്‍ അടിച്ചപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചതാകാമെന്നുമാണ് ചന്ദ്രന്റെ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *