ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്; പ്രളയം നേരിട്ട മുഖ്യമന്ത്രിയുടെ നേതൃത്വം ലോകം ശ്രദ്ധിച്ചിട്ടുണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ്‌ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഐക്യരാഷ്‌ട്രസഭ ദുരന്ത നിവാരണ സേന തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം

കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ശ്രീ. പിണറായി വിജയന്‍ ഇന്നലെ മുതല്‍ സ്വിറ്റസര്‍ലണ്ടിലുണ്ട്. അതുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൊണ്ടാണ് എഴുതാതിരുന്നത്.

ഇന്നലെ ആയിരുന്നു പ്രധാന പ്രോഗ്രാം. ഐക്യരാഷ്ട്ര സഭയും ലോകബാങ്കും യൂറോപ്യന്‍ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പുനര്‍ നിര്‍മ്മാണ കോണ്‍ഗ്രസില്‍ മുഖ്യ പ്രഭാഷണം നടത്തിയത് മുഖ്യമന്ത്രിയാണ്. ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് ഒരു നേതാവിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. 2018 ലെ പ്രളയ ദുരന്തം കേരളം നേരിട്ട രീതി, അതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വം എല്ലാം ലോകം ശ്രദ്ധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ അവസരം കാണിക്കുന്നത്. കേരളത്തിലെ ദുരന്തനിവാരണത്തെ അടിസ്ഥാനമാക്കി ഇവിടെ ഒരു എക്സിബിഷന്‍ നടക്കുന്നുണ്ട്. കേരളത്തിലെ പുനര്‍ നിര്‍മ്മാണം എന്ന പ്രത്യേക സെഷന്‍ വേറെയും. 193 രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് നേതാക്കളും യു എന്‍ ഉദ്യോഗസ്ഥരും ദുരന്ത നിവാരണ വിദഗ്ദ്ധരുമെല്ലാം പങ്കെടുക്കുന്ന പരിപാടിയാണ്. മൊത്തത്തില്‍ കേരളത്തിന് നല്ല വിസിബിലിറ്റി കിട്ടുന്നുമുണ്ട്, സന്തോഷം.

യൂറോപ്പിലും മുഖ്യമന്ത്രിക്ക് തിരക്കോട് തിരക്കാണ്. ഇന്നലെ ലോകാരോഗ്യ സംഘടനയിലെ അംഗങ്ങളുമായി ചര്‍ച്ച ഉണ്ടായിരുന്നു. അതിനുശേഷം ജനീവയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ നേരില്‍ക്കണ്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

ഇന്ന് മുഖ്യമന്ത്രി സ്വിറ്റസര്‍ലാന്റിന്റെ തലസ്ഥാനമായ ബേണിലേക്ക് പോകും. അവിടെയും നാലോ അഞ്ചോ പരിപാടികളുണ്ട്. ഇന്നത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ബേണിലെ അംബാസഡറും മലയാളിയുമായ സിബി ജോര്‍ജ്ജ് ആണ്. അവരുടെ വെബ്‌സൈറ്റില്‍ ഇന്നത്തെ പ്രോഗ്രാമിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും അപ്പപ്പോള്‍ ലഭ്യമാകും. അതുകൊണ്ട് ഇന്ന് തന്നെ ഈ വെബ്‌സൈറ്റ് ഒന്ന് ലൈക്ക് ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *