കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ നാര്‍കോട്ടിക് ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ആന്തൂര്‍ ആത്മഹത്യയില്‍ സസ്പെന്‍ഡ് ചെയ്ത നഗരസഭ സെക്രട്ടറി ഗിരീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിച്ചിരുന്നു. ഇതിനിടെയാണ് കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്. അതേസമയം, ഡി.വൈ.എസ്.പി. വി.കെ. കൃഷ്ണദാസ് കൊച്ചിയിലേക്ക് പോയതിനാല്‍ ആന്തൂര്‍ കേസില്‍ കൂടുതല്‍പേരുടെ മൊഴിയെടുക്കല്‍ ഇന്നുണ്ടാകില്ലെന്നാണ് സൂചന.
ആന്തൂരിലെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷയ്ക്കെതിരെ തെളിവുകളില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യ ചെയ്ത പാറയില്‍ സാജന്റെ ഡയറി വിശദമായി പരിശോധിച്ചെങ്കിലും നഗരസഭാധ്യക്ഷ പി.കെ. ശ്യാമളക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
