രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് നമുക്ക് പരാജയപ്പെടുത്താമെന്ന് വൈദ്യുതി മന്ത്രി എംഎം മണി

തിരുവനന്തപുരം: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റന്പതാം ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ച്‌ സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ഗാന്ധിജിയെ സ്മരിച്ചത്.

രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാമെന്നും മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം,

ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ വഴികാട്ടിയും നമ്മുടെ രാഷ്ട്രപിതാവുമായ മഹാത്മാ ഗാന്ധിയുടെ 150 -)മത് ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. മഹാത്മാവിനെ ആദരപൂര്‍വ്വം സ്മരിക്കുന്നു.

താഴ്ന്നവനെന്നോ ഉയര്‍ന്നവനെന്നോ വ്യത്യാസമില്ലാത്തതും, ജാതി-മത, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യ നീതി, തുല്യ നിയമം, തുല്യ പങ്കാളിത്തം കിട്ടുന്നതുമായ ഒരു രാജ്യം ആയിരുന്നു ഗാന്ധിജിയുടെ സങ്കല്‍പ്പത്തിലെ ഇന്ത്യ. ഇത്തരം മഹത്തായ ആശയങ്ങളുടെ മഹാത്മാവിനു നേരെ ഹിന്ദു വര്‍ഗ്ഗീയവാദിയായ ഗോഡ്സെ എന്ന മതഭ്രാന്തന്‍ നിറയൊഴിച്ചപ്പോള്‍ അത് കൊണ്ടത് ഗാന്ധിജിയുടെ നെഞ്ചില്‍ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്‍റെ ആശയങ്ങളുമായി ഒത്തുചേര്‍ന്ന എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ കൂടിയായിരുന്നു.

ഈ ഗാന്ധിജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്മരണ പുതുക്കുന്നതോടൊപ്പം രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ തലപൊക്കാന്‍ ശ്രമിക്കുന്ന ‘ഗോഡ്സെ’മാരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനുള്ള കടമ കൂടി നമുക്ക് ഏറ്റെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *