നോര്‍ക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്ബത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്.
മൂന്ന് ലക്ഷം രൂപവരെ ധനസഹായം നല്‍കും. സഹകരണ സംഘങ്ങളുടെ അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കണം. എ,ബി ക്ലാസ് അംഗങ്ങള്‍ പ്രവാസികള്‍/തിരിച്ച് വന്നവരായിരിക്കണം. ബൈലായില്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതിന് വ്യവസ്ഥ ഉണ്ടായിരിക്കണം. സംഘത്തിന്റെ മുന്‍ സാമ്ബത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കുകയും വേണം.
പൊതുജനതാല്‍പര്യമുള്ള ഉല്‍പാദന, സേവന, ഐ.ടി,തൊഴില്‍ സംരംഭങ്ങളിലൂടെ (കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ചെറുകിടവ്യവസായം, മല്‍സ്യമേഖല, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം, സേവന മേഖല, നിര്‍മ്മാണ മേഖല) കുറഞ്ഞത് 10 പേര്‍ക്കെങ്കിലും തൊഴിലും വരുമാനവും ലഭിക്കുന്ന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭങ്ങള്‍ തൊഴില്‍ ലഭ്യമാക്കും വിധം വികസിപ്പിക്കുന്നതിനുമാണ് രണ്ട് ലക്ഷം രൂപ പ്രവര്‍ത്തന മൂലധനം നല്‍കുന്നത്. സംഘം നേരിട്ട് നടത്തുന്ന സംരംഭങ്ങള്‍ സംഘത്തിലെ അംഗങ്ങള്‍ ഒറ്റക്കോ/കൂട്ടായോ നടത്തുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.
അപേക്ഷ ഫോം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org യില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഏറ്റവും പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, 18004253939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാള്‍ സേവനം).
