എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.

ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയില്‍ പ്രതിസന്ധിയിലായിരിക്കുന്നത് കേരളത്തിലെ എന്‍സിപി ഘടകമാണ്. സംഭവിച്ചത് എന്താണെന്നതില്‍ വ്യക്ത ഇല്ലാതിരുന്ന കേരളത്തിലെ എന്‍ സിപി നേതാക്കള്‍ അജിത് പവാറിന്റെ നീക്കം വ്യക്തപരമാണെന്ന പ്രഖ്യാപനവുമായി ശരത് പവാറിന്റെ ട്വീറ്റ് എത്തിയ ശേഷമാണ് വിഷയത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയത്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഉണ്ടായ പുതിയ സംഭവ വികാസങ്ങള്‍ കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍ പറഞ്ഞത്.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സഖ്യം അധികാരത്തിലേറിയത്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലര്‍ച്ചെ ആറുമണിക്കാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിന്‍വലിച്ചത്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.

Leave a Reply

Your email address will not be published. Required fields are marked *