സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം കവര്‍ന്നു; മലപ്പുറത്ത് ദമ്ബതികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തില്‍ ദമ്ബതികള്‍ അറസ്റ്റില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പില്‍ ലിയാക്കത്ത്(47)ഭാര്യ സുഹറ(39)എന്നിവരാണ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്.

മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍വെച്ച്‌ മരിച്ചിരുന്നു. മരണ സമയത്ത് ബന്ധുക്കള്‍ക്കൊപ്പം സഹായത്തിനെന്ന പേരില്‍ ഒപ്പം കൂടിയ സുഹറയാണ് മരിച്ച യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം മോഷ്ടിച്ചത്.

മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. സംഭവത്തില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിരുന്നു. ആശുപത്രിയിലെ സിസിടിവി ക്യാമറ പരിശോധിച്ചതോടെ മൃതദേഹത്തില്‍ നിന്ന് അപരിചിതയായ സ്ത്രീ ആഭരണം ഊരി മാറ്റുന്നത് ശ്രദ്ധയില്‍ പെടുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു.

തുടര്‍ന്ന് മരിച്ച യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ പോലീസ് നടത്തിയ ഒന്നരമാസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. മോഷണത്തിന് എത്തിയ സുഹറക്കൊപ്പം ഭര്‍ത്താവ് ലിയാക്കത്ത് കൂടി ഉണ്ടായിരുന്നുവെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. തുടര്‍ന്ന് ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *