ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് വിഷയത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ ബി.ജെപി ചവിട്ടി മെതിക്കുകയാണ്. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നും ചിദംബരം ആരോപിച്ചു.
”സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന്റെ വിലയാണ് ഇത്”- ചിദംബരം പറഞ്ഞു. ചൂടേറിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ല് പാസായത്.
നിയമം വിവേചനപരമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ ലംഘനമാണെന്നും പ്രതിപക്ഷം നിരന്തരം ആരോപിച്ചപ്പോഴും 311 പേരുടെ പിന്തുണയിലാണ് ബില്‍ പാസായത്.
ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പുകയുകയാണ്. അസമില്‍ 12 മണിക്കൂര്‍ ബന്ദും നിരവധി അക്രമ സംഭവങ്ങളും നടക്കുകയാണ്.
ബില്‍ രാജ്യസഭയിലും പാസായാല്‍ ബില്ലിനെതിരെ സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
