ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനമാണ് പുതിയ രീതി.
വരുന്ന ജനുവരി ഒന്നുമുതല്‍ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.
ഇതുവഴി പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാനാകും.
2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തൊട്ടാകെയുളള എസ്ബിഐയുടെ എടിഎമ്മുകളില്‍ പുതിയരീതി നടപ്പിലാകും. എടിഎം ഉപയോഗിച്ച് പണം പിന്‍വലിക്കുമ്പോള്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. പിന്‍വലിക്കാനുള്ള തുക എത്രയാണെന്ന് രേഖപ്പെടുത്തുമ്പോഴാണ് മൊബൈലില്‍ ഒടിപി ലഭിക്കുക. തുടര്‍ന്ന് സ്ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്കിയാല് പണം ലഭിക്കും. മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല.
