ഇത് മതമൈത്രിയുടെ സമൂഹസദ്യ

മലപ്പുറം: നഗരത്തിലെ മണ്ണൂര്‍ ശിവക്ഷേത്രം മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വവമായൊരു കാഴ്ചക്കാണ് വേദിയായത്. കേരള മുസ്്‌ലിംകളുടെ ആത്്മീയാചാര്യ പരമ്പരയില്‍പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മലപ്പുറത്തെ ക്രിസ്ത്യന്‍ പുരോഹിതനായ ഫാദര്‍ സെബാസ്റ്റ്യനും മണ്ണൂര്‍ ക്ഷേത്രത്തിലെ സമൂഹസദ്യയില്‍ പങ്കെടുക്കാനെത്തിയത് മലപ്പുറത്തിന്റെ മതമൈത്രിയുടെ കാഴ്ചയായി. ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് നടക്കുന്ന സമൂഹസദ്യയിലേക്ക് ക്ഷേത്രകമ്മിറ്റിയുടെ പ്രത്യേകക്ഷണിതാക്കളായാണ് ഇരുവരും എത്തിയത്. ഏറെ വര്‍ഷങ്ങളായി പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രമുഖരായ ആരെങ്കിലും ഈ ചടങ്ങില്‍ പങ്കെടുക്കുന്നത് പതിവാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി സാദിഖലി തങ്ങളാണ് പങ്കെടുത്തു വരുന്നത്. ഇത്തവണ മലപ്പുറം എം.എല്‍.എ പി.ഉബൈദുള്ളയും വിശിഷ്ടാതിഥിയായി ക്ഷേത്രത്തില്‍ എത്തിയിരുന്നു.
ഉല്‍സവ കമ്മിറ്റി പ്രസിഡന്റ് എം.ടി.രാമചന്ദ്രന്‍,സെക്രട്ടറി പി.വി.സുരേഷ്‌കുമാര്‍,എം.പി.സുരേഷ്,സി.കെ.രഞിജിത്കുമാര്‍,പാര്‍വ്വതി സായൂജ്യം,എം.ടി.ജയശ്രീ തുടങ്ങിയവര്‍ ചേര്‍ന്ന് പാണക്കാട് തങ്ങളെയും ഫാ.സെബാസ്റ്റ്യനെയും സ്വീകരിച്ചു. നാടിന്റെ ഐശ്വര്യത്തിനായി മണ്ണൂര്‍ ശിവക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരുന്നതാണ് ഈ ഉല്‍സവം. മതമൈത്രിയുടെ പ്രഘോഷണമായി എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള സമൂഹസദ്യയും നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *