കൈകള്‍ കെട്ടിയ ശേഷം വയോധികയെ ചുറ്റികകൊണ്ട് അടിച്ച്‌ വീഴ്ത്തി; ആഭരണം കവര്‍ന്നു

വടക്കാഞ്ചേരി: വയോധികയെ തലയ്ക്കടിച്ച്‌ വീഴ്ത്തി ആഭരണം കവര്‍ന്നതായി പരാതി. കരിമ്ബത്ത് സുശീല ബാലനാ (70)ണ് ആക്രമണത്തിന് ഇരയായത്. അടിയേറ്റ് സാരമായി പരിക്കേറ്റ ഇവരെ വട്ടായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയായിരുന്നു കവര്‍ച്ച.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിവാഹത്തില്‍ പങ്കെടുത്തശേഷം തിരൂരില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നെ ഒരു സ്ത്രീയാത്രക്കാരിയുമായി വന്ന ഓട്ടോ ഡ്രൈവര്‍ വട്ടായിയിലേക്കാണെന്നു പറഞ്ഞ് കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് സുശീല പറയുന്നു.

കുറാഞ്ചേരിയിലെത്തി ഓട്ടോ നേരെ പത്താഴക്കുണ്ട് അണക്കെട്ടിന് സമീപം നിര്‍ത്തി. ആക്രമിക്കപ്പെടുമെന്ന ഭയത്തില്‍ ബഹളം വെച്ചതോടെ തന്റെ വായില്‍ തുണി തിരുകിയെന്നും പ്ലാസ്റ്റിക് കയറുകൊണ്ട് കൈകള്‍ കെട്ടി തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ച്‌ മാല പൊട്ടിച്ചെടുത്ത് തന്നെ വഴിയില്‍ തള്ളിയിട്ടെന്നും സുശീല പറഞ്ഞു.

തലയില്‍ നിന്നും രക്തം വാര്‍ന്നിരുന്ന സുശീലയെ മകനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. വിവരമറിഞ്ഞ് വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയനും മറ്റുള്ളവരും വടക്കാഞ്ചേരി പോലീസില്‍ വിവരം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *