വിശാഖപട്ടണം; കൊവിഡിനെതിരെയുള്ള കഠിനമായ പോരാട്ടത്തിലാണ് രാജ്യം. ഇപ്പോള്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രയില്‍ ഒരു ഐഎഎസ് ഓഫീസര്‍. ഒരു മാസം പ്രായമായ കൈകുഞ്ഞിനെയും എടുത്താണ് ഓഫീസര്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്.
ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ജിവിഎംസി) കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചത്. 2013 ബാച്ചുകാരിയാണ് ശ്രിജന. കുഞ്ഞിനെയുമെടുത്ത് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ‘ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍’ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാര്‍ എന്നയാളാണ് ശ്രിജനയുടെ ചിത്രം ആദ്യം പങ്കുവെച്ചത്.
കമ്മിഷണര്‍ പ്രസവാവധി നിരസിച്ച് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കോറോണ പോരാളികള്‍ക്കെല്ലാം തീര്‍ച്ചയായും ഇത് പ്രചോദനം നല്കുന്നു. പ്രശാന്ത് തന്റെ ട്വീറ്റില്‍ പറയുന്നു. നിരവധി പേരാണ് ശ്രിജനയെ പ്രശംസിച്ച് രംഗത്തെത്തിയത്.
