റിയാദ്: സഊദിയില്‍ കോഴിക്കോട് സ്വദേശി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഭാര്യയെയും കുഞ്ഞിനേയും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു വിന്റെ ഭാര്യ മണിപ്പൂരി സ്വദേശിനിയെയും ആറ് മാസം പ്രായമായ കുഞ്ഞിനേയുമാണ് ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൂടെയുള്ള ബിജുവിന്റെ എഴുപത് വയസ് പ്രായമായ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്ബ് മൂക്ക് സംബന്ധമായ അസുഖം കാണിക്കാനായാണ് ബിജു ആശുപത്രിയില്‍ പോയിരുന്നത്. പിന്നീട് വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ഇതിനിടെ ബിജുവിന്റെ സഹോദരി നാട്ടില്‍ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജു ആശുപത്രിയില്‍ വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണെന്ന വിവരം അറിയുന്നത്.
ഇതിനിടെ ഇന്നലെയാണ് ബിജുവിന്റെ ഭാര്യയും കുഞ്ഞും ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെ മുതല്‍ ബിജുവിന്റെ അമ്മ ഫ്‌ളാറ്റിന് പുറത്തു നില്‍ക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും അതെ നിലയില്‍ കണ്ടപ്പോള്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് യുവതി മുറി അകത്ത് നിന്നും കുറ്റിയിട്ടെന്നും കയറാന്‍ കഴിയുന്നില്ലെന്നുമുള്ള വിവരം വെളിപ്പെടുത്തിയത്. പിന്നീട് പോലീസെത്തി തുറന്നു പരിശോധിച്ചപ്പോള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആംബുലന്‍സെത്തി യുവതിയെയും കുഞ്ഞിനേയും ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അവശയായ അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്‌സിംഗ് മേഖലയിലുള്ള യുവതി ഇവിടെ ജോലി ശരിപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.
എട്ടു വര്‍ഷത്തോളമായി മദീന എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ബിജുവിനു അടുത്ത സമയത്ത് ജോലിയില്‍ നിന്നും ടെര്‍മിനേഷന്‍ ലഭിച്ചിരുന്നു. മദീന എയര്‍പോര്‍ട്ടില്‍ വണ്ടര്‍ലാ എന്ന കമ്ബനിക്ക് കീഴില്‍ ബെല്‍റ്റ് ടെക്‌നീഷ്യനായി ജോലി ചെയ്‌തു വരിയായിരുന്നു. സുഹൃത്തുക്കളുമായി അകലം പാലിച്ചിരുന്ന വ്യക്തിയായതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബവമായുള്ള കൂടുതല്‍ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്കും ലഭ്യമല്ല. ഭാര്യയായ മണിപ്പൂരി യുവതിയുടെ വിവരങ്ങളും ബിജുവിന് മാത്രമാണറിയുന്നത്. എന്നാല്‍, വെന്റിലേറ്ററില്‍ കഴിയുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാനും കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍. നടപടികള്‍ക്കായി മദീന നവോദയ പ്രവര്‍ത്തകരായ നിസാര്‍ കരുനാഗപ്പള്ളി, നൗഷാദ് അടൂര്‍, സുജയ് മാന്നാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ രംഗത്തുണ്ട്.
