കോവിഡ് പശ്ചാത്തലത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കോവിഡ് സ്പെഷ്യല്‍ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് ശുപാര്‍ശ. കിലോമീറ്ററിന് 90 പൈസയുടെ വര്‍ധന ഉണ്ടാകും. കോവിഡിന് ശേഷം ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് അന്തിമ റിപ്പോര്‍ട്ട് നല്കുമ്ബോള് നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
ഇപ്പോഴുള്ള ശുപാര്‍ശ കോവിഡ് നിയന്ത്രണമുള്ള കാലത്തേക്ക് മാത്രമുള്ളതാണ്. സാധാരണ നിലയിലുള്ള നിരക്ക് പരിഷ്കാരം സംബന്ധിച്ച് റിപ്പോര്‍ട്ട് കുറച്ചുകൂടി സമയം എടുത്തു മാത്രമേ നല്‍കാനാകൂ എന്ന് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി പറഞ്ഞു. കോവിഡ് ബാധയെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണ് നിരക്ക് വര്‍ധനയിലേക്കു നയിക്കുന്നത്. ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ചയാണ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയത്.
