മലപ്പുറം: ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസമനുഭവിക്കുന്ന തന്റെ നാല് സഹപാഠികള്‍ക്ക് ടാബ് ലെറ്റ് വാങ്ങിനല്‍കി വി.കെ.സന്‍ഹ എന്ന മൂന്നാം ക്ലാസുകാരിയുടെ വലിയ മാതൃക. വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സന്‍ഹ കോഡൂര്‍ ചൊളൂരിലെ വെട്ടിക്കാടന്‍ നൗഷാദലിയുടെയും ടി.കെ സഹനയുടെയും മകളാണ്. മകളുടെ ആഗ്രഹത്തിനൊപ്പം രക്ഷിതാക്കളും നിന്നതോടെ സന്‍ഹയുടെ നാല് സഹപാഠികള്‍ക്കിനി കൃത്യമായി ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കാനാകും.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിയുടെ സാന്നിധ്യത്തില്‍ നാല് സഹപാഠികളുടെ രക്ഷിതാക്കള്‍ക്ക് സന്‍ഹ തന്നെ ടാബ് ലെറ്റുകള്‍ കൈമാറി.
ചടങ്ങില്‍ പഞ്ചായത്തംഗം കെ.എം. സുബൈര്‍, പി.ടി.എ. പ്രസിഡന്റ് വി. ഷംസുദ്ദിന്‍, വൈസ്പ്രസിഡന്റ് ഇഖ്ബാല്‍ പരേങ്ങല്‍, പ്രഥമാധ്യാപകന്‍ കെ.എം. മുസ്തഫ, സ്‌കൂള്‍ മാനേജര്‍ കടക്കാടന്‍ അബ്ദുല്‍റഹീം, അധ്യാപകരായ സുബോധ് പി. ജോസഫ്, യു. സാബു, സന്‍ഹയുടെ പിതാവ് വി.കെ. നൗഷാദലി തുടങ്ങിയവര്‍ സംബന്ധിച്ചു.
