കോഡൂരില്‍ സമഗ്ര കുടിവെള്ള വിതരണത്തിന് തുടക്കം

മലപ്പുറം: കോഡൂര്‍ പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി സമഗ്ര കുടിവെള്ള പദ്ധതികള്‍ക്ക് തുടക്കമായി. 2021 മാര്‍ച്ചോടെ കോഡൂരിലെ ജലക്ഷാമം നേരുടുന്ന മുഴുവന്‍ പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കാനാണ് പദ്ധതി ലക്ഷ്യം.
ഇതിന്റെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച കാലംപറമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും സംസ്ഥാന സര്‍ക്കാര്‍ ജല അതോറിറ്റി മുഖേന നടപ്പാക്കുന്ന ജലജീവന്‍ മിഷനിലേക്കുള്ള അപേക്ഷകളുടെ വിതരണവും സംഘടിപ്പിച്ചു.
ഒതുക്കുങ്ങല്‍-പൊന്മള കുടിവെള്ള പദ്ധതിയില്‍ നിന്ന് കാലംപറമ്പിലേക്ക് ശുദ്ധജലമെത്തിക്കുന്ന പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നേക്കാല്‍ കോടി രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും ചേര്‍ത്താണ് കാലംപറമ്പ് കുടിവെള്ള പദ്ധതി നടപ്പാക്കിയത്.
ജലജീവന്‍ മിഷന്‍ നാല് കോടി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ വിവിധ വാര്‍ഡുകളിലെ ജലക്ഷാമം നേരിടുന്ന 1380 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കണക്ഷനിലൂടെ ശുദ്ധജലമെത്തിക്കും.
ജല അതോറിറ്റിയുടെ കീഴിലുള്ള കോങ്കയം, നൂറാടി പദ്ധതികളിലെ പമ്പ് സെറ്റുകളുടെ കുതിരശക്തി വര്‍ധിപ്പിച്ചും സംഭരണശേഷി കൂട്ടിയും ആവശ്യമായ സ്ഥലങ്ങളിലേക്കെല്ലാം പൈപ്പ്ലൈന്‍ ദീര്‍ഘിപ്പിച്ചുമാണ് ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മറ്റ് ചെറുകിട പദ്ധതികളും ഇതോടൊപ്പം ബന്ധിപ്പിക്കും. അടുത്ത മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്.
കാലംപറമ്പ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്കുള്ള അപേക്ഷകളുടെ വിതരണവും പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം സൈദ് പുല്ലാണി, ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. രമാദേവി, സ്ഥിരസമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്നാമോള്‍ ആമിയന്‍, വാര്‍ഡംഗം ഹഫ്സത്ത് ചോലശ്ശേരി, പഞ്ചായത്തംഗങ്ങളായ കടമ്പോട്ട് മുഹമ്മദലി, മച്ചിങ്ങല്‍ മുഹമ്മദ്, സജീന മേനണ്ണില്‍, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം കെ.എന്‍.എ. ഹമീദ് മാസ്റ്റര്‍, മുന്‍ ബ്ലോക്പഞ്ചായത്തംഗം എം.പി. മുഹമ്മദ്, മുന്‍ ഗ്രാമപ്പഞ്ചായത്തംഗം കെ.വി. മൊയ്തീന്‍ മാസ്റ്റര്‍, പി.സി. മുഹമ്മദ്കുട്ടി മാസ്റ്റര്‍, പി.പി. അബ്ദു, പി.സി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *