ചരിത്രത്തെ തമസ്‌കരിക്കുന്നത് മത രാഷ്ട്ര നിര്‍മ്മിതിക്ക് വേണ്ടി: ഐ.എന്‍.എല്‍ വെബിനാര്‍

മലപ്പുറം:രാജ്യത്തെമ്പാടുമുള്ള അധിനിവേശ വിരുദ്ധവും സ്വാതന്ത്ര്യ പ്രേരിതവുമായ സമരങ്ങളിലെ പോരാളികളെയും പ്രദേശങ്ങളെയും മതവും ജാതിയും നോക്കി തരംതിരിക്കാനും തമസ്‌കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന മതരാഷ്ട്ര നിര്‍മ്മിതിയുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. സ്വതന്ത്ര സമര ചരിത്ര
ഗ്രന്ഥങ്ങില്‍ നിന്നും മലബാറിലെ ഖിലാഫത്ത് സമരത്തെ വെട്ടി മാറ്റുന്ന കേന്ദ്ര ചരിത്ര ഗവേഷണ വിഭാഗത്തിന്റെ നീക്കത്തിന്നെതിരെ ഐ.എന്‍.എല്‍ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലബാറിലെ ഖിലാഫത്ത് സമരത്തെ തമസ്‌കരിച്ച് സംഘ് പരിവാര്‍ നിര്‍മ്മിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രം പൂവില്ലാതെ പൂക്കളം തീര്‍ക്കുന്ന ഏര്‍പ്പാട് മത്രമായി പരിണമിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമ്രാജത്വ അനുകൂലികളായ ജന്മിമാരോടും അധിനിവേശ ശക്തികളായ ബ്രീട്ടഷുകാരോടും ഒരേ സമയം ഏറ്റുമുട്ടേണ്ടി വന്ന കുടിയാന്‍മാരുടെ സമരമാണ് മലബാറിലെ ഖിലാഫത്ത് സമരമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രട്ടീഷ് തന്ത്രത്തിന്റെ ഇരകളായവരാണ് മലബാറിലെ മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി കാസിം ഇരിക്കൂര്‍, കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ.ടി കുഞ്ഞിക്കണ്ണന്‍, ഗ്രന്ഥകാരന്‍ ജാഫര്‍ ഈരാറ്റുപ്പേട്ട, എന്‍.വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീര്‍ പയ്യനങ്ങാടി, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒ.ഒ ശംസു എന്നിവര്‍ പ്രസംഗിച്ചു.
ഐ.എന്‍ എല്‍ മലപ്പുറം ജില്ല പ്രസിഡന്റ് സമദ് തയ്യില്‍ ആധ്യക്ഷത വഹിച്ചു.ജില്ല ജനറല്‍ സെക്രട്ടറി സി.പി അന്‍വര്‍ സാദത്ത് സ്വാഗതവും ട്രഷറര്‍ നാസര്‍ ചെനക്കലങ്ങാടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *