സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം കരിമഠം കോളനിയില്‍ സുഹൃത്തിനെയും ഭാര്യയെയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാലോട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി 16ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ ആറു മാസമായി പ്രതിയായ മുകേഷ് കരിമഠം കോളനിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. അയല്‍ വാസിയായ രാജേഷുമായി സൗഹൃദത്തിലുമായിരുന്നു. സംഭവ ദിവസം പ്രതിയും കുടുംബവും രാജേഷിന്റെ വീട്ടില്‍ ഒരുമിച്ച്‌ കൂടിയാണ് കഴിച്ചത്. വീട്ടിലേക്ക് മടങ്ങിയ മുകേഷ് ഭാര്യയോട് മോശമായി പെരുമാറി എന്ന് പറഞ്ഞു തിരികെ വന്ന് രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷിനെ കുത്തി പരിക്കേല്‍പ്പിക്കുകയും ഇതു തടയാന്‍ ശ്രമിച്ച രാജേഷിന്റെ ഭാര്യയെയും കുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലോട് പോലിസാണ് പരിക്കു പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്. ശരീരമാസകലം പരിക്കേറ്റ രാജേഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *