‘എന്‍റെ പേര്‌ കെ.എം ഷാജി എന്നാണെങ്കില്‍ ചെയ്‌തവന്‌ എട്ടിന്‍റെ പണികൊടുത്തിരിക്കും’ വിവാദമായി എം.എല്‍.എയുടെ പ്രസംഗം

തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്‍റെ പണി നല്‍കുമെന്ന ഭീഷണിയുമായി കെ.എം ഷാജി എം.എല്‍.എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ.എം ഷാജിയുടെ ഈ വിവാദ പ്രസംഗം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ലെന്ു പാര്‍ട്ടിക്കുള്ളില്‍ നിന്ന് തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കും പണി കിട്ടുമെന്നാണ് കെ.എം ഷാജി നല്‍കുന്ന സൂചന.

എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടാണ് ഭീഷണി. ‘അനാവശ്യമായ കള്ളക്കഥകളുണ്ടാക്കിയത് ആരായിരുന്നാലും, ഇത് പൊതു വേദിയില്‍ വച്ചാണ് ഞാന്‍ പറയുന്നത്. അത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ അങ്ങനെ എടുത്തോളൂ. അങ്ങനെ കളിച്ചവനെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തുകതന്നെ ചെയ്യും. അവനേത് കൊമ്ബത്തവന്‍ ആയാലും. അത് പാര്‍ട്ടിയുടെ അകത്ത് പണ്ട് ഉണ്ടായിരുന്നതോ പുറത്ത് പണ്ട് ഉണ്ടായിരുന്നതോ എന്നൊന്നും നോക്കുന്ന പ്രശ്നമില്ല. ഞാന്ന്‍ ഉറപ്പിച്ചു പറയുന്നു. എന്റെ പേര് കെഎം ഷാജിയെന്നാണെങ്കില്‍ ചെയ്തവന് എട്ടിന്റെ പണി കൊടുത്തിരിക്കും. അങ്ങനെ മറന്നുപോകാന്‍ ഞാന്‍ പ്രവാചകനൊന്നുമില്ല, ഞാനും മനുഷ്യനാണ്. മറക്കാതെ ഓര്‍ത്തുവച്ചിരിക്കും കെ.എം ഷാജി. ഓര്‍ത്തുവച്ചോ നിങ്ങള്. ‘ കെ. എം ഷാജി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചുവയുള്ള നോട്ടീസുകള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തുവെന്ന പരാതിയിലാണ് ഷാജിയെ കോടതി അയോഗ്യനാക്കിയത്. എന്നാല്‍ ഈ ലഘുലേഖകള്‍ പൊലീസിന് മറ്റ് ചിലര്‍ എത്തിച്ച്‌ നല്‍കിയതാണെന്ന് ആരോപിച്ച്‌ ഷാജി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടു കോഴ കേസില്‍ ഷാജിക്കെതിരെ വിജിലന്‍സും കേസെടുത്തിരുന്നു. ഈ സംഭവങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു കെ.എം ഷാജിയുടെ വിവാദ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *