തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ല, സുകുമാരന്‍നായര്‍ക്കെതിരെ ആഞ്ഞടിച്ച്‌ കാനം

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന വിമര്‍ശനവുമായി സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുമെന്നതാണ് തന്റെ വിശ്വാസമെന്ന ജി. സുകുമാരന്‍ നായരുടെ വാക്കുകളാണ് കാനത്തെ ചൊടിപ്പിച്ചത്.

ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഭരണമാറ്റമുണ്ടാകുമെന്ന സൂചന ജി. സുകുമാരന്‍ നായര്‍ പങ്കുവച്ചത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. നല്ലത് ചെയ്യുന്നവര്‍ക്കൊപ്പമാണ് ദേവഗണങ്ങളെന്നാണ് ഇതിനെ പ്രതിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കാനം എന്‍ എസ് എസ് സെക്രട്ടറിക്ക് ഒരു പടികൂടി കടന്ന് മറുപടി നല്‍കുകയായിരുന്നു. അതേസമയം ഇടതുമുന്നണി വീണ്ടും അധികാരത്തിലേറും എന്ന ശുഭപ്രതീക്ഷയും കാനം പങ്കുവച്ചു. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സര്‍ക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും, കഴിഞ്ഞ തവണത്തേതിനേക്കാളും ഭൂരിപക്ഷമുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *