മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കണമെന്ന ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കും അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജലീലിന്റെ നീക്കം. ജലീല്‍ സ്വന്തം നിലക്ക് ഹരജി നല്‍കും. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രില്‍ 13ന് മാത്രമേ ഹൈകോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കൂ. എന്നാല്‍ ലോകായുക്ത ആക്ട് 14 പ്രകാരമുള്ള ലോകായുക്തയുടെ നടപടി സര്‍ക്കാരിന് തള്ളിക്കളയാന്‍ സാധ്യമല്ലെന്നാണ് നിയമവിദഗ്ദര്‍ വ്യക്തമാക്കുന്നത്.
ഹൈകോടതിയും മുന്‍ കേരള ഗവര്‍ണ്ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി.സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നലെ തന്നെ ജലീല്‍ അറിയിച്ചിരുന്നു
ബന്ധു നിയമനത്തില്‍ മന്ത്രി കെ. ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ച മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് വിധി.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.
വി.കെ. മുഹമ്മദ് ഷാഫി എന്നയാളാണ് ലോകായുക്തക്ക് പരാതി നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാര്‍, മന്ത്രി കെ.ടി. ജലീല്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, മാനേജിങ് ഡയറക്ടര്‍ എ. അക്ബര്‍, കെ.ടി. അദീബ് എന്നിവരായിരുന്നു ഹരജിയിലെ എതിര്‍കക്ഷികള്‍. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീല്‍ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി.
നിയമനം സംബന്ധിച്ച് വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് അദീബ് നവംബര്‍ 12ന് രാജിവെച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കുമ്ബോഴാണ് അദീബിനെ ഡെപ്യൂേട്ടഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. ഈ പദവിയിലേക്ക് അദീബ് ഉള്‍പ്പെടെ ഏഴ് അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും 2016 ഒക്ടോബര്‍ 26ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നുപേരേ പങ്കെടുത്തുള്ളൂ. അദീബിന് ബി.ടെക്കും പി.ജി.ഡി.ബി.എയും ആയിരുന്നു യോഗ്യത. അദീബായിരുന്നു അപേക്ഷകരില്‍ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയില്‍ മന്ത്രി നല്കിയ വിശദീകരണം. ഇത് തൃപ്തികരമല്ലെന്ന് ഉത്തരവില്‍ പറയുന്നു. കേസിലെ വാദം നേരത്തേ പൂര്‍ത്തിയായെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ആറിന് ശേഷമേ വിധി പ്രഖ്യാപിക്കാവൂവെന്ന് ജലീലിന്റെ അഭിഭാഷകന് വിചാരണവേളയില്‍ കോടതിയില്‍ അഭ്യര്‍ഥിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചത്.
