അബുദാബി : യുഎഇയില്‍ ഇന്ന് 1,759 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,580 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 160,390 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 512,497 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 493,689 പേര്‍ രോഗമുക്തരായി. 1,573 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം, നിലവില്‍ നേരിടുന്ന കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും യുഎഇ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. ഈ ദുഷ്‌കരമായ സമയത്തെ നേരിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.
