സൂററ്റ്: പട്ടേല്‍ സമൂഹത്തിലെ നേതാക്കന്മാരെ അഭിനന്ദിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള കൂറ്റന്‍ റാലി അലങ്കോലപ്പെട്ടു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനു തുടക്കം കുറിച്ച ഹാര്‍ദിക് പട്ടേലിനെ പിന്തുണച്ചെത്തിയവര് സമ്മേളനത്തിനിടെ അക്രമാസക്തമായതോടെയാണ് പരിപാടി അലങ്കോലപ്പെട്ടത്. പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള പുതിയ മന്ത്രിമാരെ ആദരിക്കാനായാണ് ബിജെപിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. വിജയ് രുപാണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭയില്‍ നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാണ്. സംവരണ വിഷയത്തില്‍ ഇടഞ്ഞു നില്ക്കുന്ന പട്ടേല്‍ സമൂഹത്തെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു നിതിന്‍ പട്ടേലിന്റെ ഉപമുഖ്യമന്ത്രി പദം. ഹാര്‍ദിക് പട്ടേലിന് ജയ് വിളികള്‍ മുഴക്കിയ പട്ടേലുമാര്‍ സമ്മേളന സ്ഥലത്തെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയായിരുന്നു. പോലീസെത്തി ഇവരെ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.
