ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി; യുവതിയെ നഗ്നയാക്കി നടത്തിച്ചു; ആള്‍ക്കൂട്ടം തല്ലിച്ചതച്ചു

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയതിന് 35കാരിക്ക് ഗ്രാമവാസികളുടെ ശിക്ഷ. യുവതിയെ ക്രൂരമായി തല്ലിയ ശേഷം നഗ്നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂര്‍ദുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറ് മാസത്തിന് ശേഷം യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയപ്പോഴായിരുന്നു സംഭവം. യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും നഗ്നയായി നടത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

യുവതി ഗ്രാമത്തില്‍ മടങ്ങിയെത്തിയതറിഞ്ഞ ഗ്രാമവാസികള്‍ അവളെ വളയുകയായിരുന്നു. സമീപപ്രദേശത്തെ യുവാവുമായി അവിഹിതബന്ധം
ആരോപിച്ചാണ് ആള്‍ക്കൂട്ടം യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. അവളെ കഴിയാവുന്നത്ര തല്ലുക എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. യുവതിയെ മര്‍ദ്ദിച്ച ശേഷം ആള്‍ക്കൂട്ടം ഗ്രാമത്തിലൂടെ നഗ്നയാക്കി നടത്തിക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ഞായറാഴ്ച യുവതിയെ പൊലീസ് നാട്ടില്‍ തിരികെയെത്തിച്ചു. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *