മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്, ചന്ദ്രിക മാനേജിങ് ഡയരക്ടര്‍, സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) മരണപ്പെട്ടു. അസുഖ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബി കോളജിലും അല്‍പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേര്‍ന്ന തങ്ങള്‍ 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി.
